2010, ജൂൺ 9, ബുധനാഴ്‌ച

മുനിക്കഥ-അതികായന്‍


അതികായന്‍

അതികായ മുനിക്ക്‌ അതികായന്‍ എന്ന പേര് വന്നത് കേവലം യാദൃച്ച്ചികമല്ല; അതികായനായത് കൊണ്ടുതന്നെ. രാവണപുത്രനായ അതികായന്റെ കഥ പറയാം:

യക്ഷചക്രവര്‍ത്തിയും ലങ്കാധിപതിയുമായ കുബേരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ലങ്കയില്‍ നിന്നും വടക്ക് ഗന്ധമാദന പര്‍വതതിതിലേക്ക് നാടു കടത്തിയ രാവണന്‍ കുബേരനില്‍ നിന്ന് ലങ്ക പിടിച്ചടക്കി രാജ്യ വിസ്തൃതി കൂട്ടി. പുഷ്പകവിമാനം മടക്കിക്കിട്ടാനായി കുബേരന്‍ കെഞ്ഞ്ചിയെങ്കിലും രാവണന്‍ അത് വിട്ടു കൊടുത്തില്ല. മായാവിയായ രാവണന് വിമാനം പറപ്പിക്കാന്‍ പ്രത്യേകം പരിശീലനമൊന്നും വേണ്ടി വന്നില്ല. യുദ്ധം കഴിഞ്ഞ്‌ പിടിച്ചെടുത്ത പുഷ്പക വിമാനത്തില്‍ രാവണന്‍ നാട്ടിലേക്ക് പറന്നു.

ഭൂപ്രകൃതി ആസ്വദിക്കാനായി രാവണന്‍ വിമാനം താഴ്ത്തി സാവധാനത്തിലാണ് പറപ്പിച്ച്ചിരുന്നത്. താഴെ പച്ച പുതച്ച നെല്‍പ്പാടങ്ങള്‍, മൊട്ടക്കുന്നുകള്‍, കൊലുസ്സിട്ട പോലെ ഇടയ്ക്കിടെ നീര്‍ച്ചാലുകള്‍, ആമ്പലും താമരയും പൂത്തു നില്‍ക്കുന്ന പൊയ്കകള്‍, അതില്‍ നീന്തിത്തുടിക്കുന്ന രാജഹംസങ്ങള്‍. മയൂര പാര്‍വത സാനുക്കളിലെത്ത്തിയപ്പോള്‍ രാവണന്റെ ഉള്ളില്‍ കുളിര് കോരിയിടുന്നൊരു കാഴ്ച കണ്ടു! താഴെ പൊയ്കയില്‍ ഗന്ധര്‍വ കന്യകള്‍ ഉടുതുണിയില്ലാതെ നീന്തിത്തുടിക്കുന്നു. കൊക്ക്പിറ്റിലിരുന്നു രാക്ഷസരാജാവ് വിമാനത്തിന്റെ വേഗത മെല്ലെ കുറച്ചു. പുഷ്പകവിമാനം അരയന്നാകൃതി കൈക്കൊണ്ടു മെല്ലെ പൊയ്കയിലിറങ്ങി. വിമാനം പൊയ്കയില്‍ ഇറങ്ങിയതുംരാവണന്‍ പൊയ്കയിലേക്ക് ഒറ്റക്കുതിപ്പ്. മുങ്ങി നിവര്‍ന്നതോ ഗന്ധര്‍വ യുവതി ചിത്രാംഗിതക്കടുത്ത് . തൊട്ടടുത്ത് മുങ്ങിനിവര്‍ന്ന പര്‍വതാകാരനായ രാവണന്റെ തല കണ്ട ചിത്രാംഗിത മോഹാലസ്യപ്പെട്ടു. മായാവിയായ രാവണന്‍അരൂപിയായി മാറി ചിത്രാംഗിതയെ ഒരു രഹസ്യ സങ്കേതത്തില്‍ എത്തിച്ച ശേഷം ഒരു സുന്ദര പുരുഷന്റെ രൂപംകൈക്കൊണ്ട്‌ അവളുമായി രമിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ പ്രസവിക്കാന്‍ ഗന്ധര്‍വ സ്ത്രീകള്‍ക്ക് പത്ത് മാസം കാക്കണ്ട; പത്ത് നിമിഷം മതി. ചിത്രാംഗിത ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. അവള്‍ കുഞ്ഞിനെ രാവണന് സമ്മാനിച്ചശേഷം പൊടിയും തട്ടി ഒന്നുമറിയാത്ത മട്ടില്‍ ഗന്ധര്‍വ ലോകത്തേക്ക് പോയി.

സമ്മാനം ഏറ്റു വാങ്ങിയ രാവണന്‍ പുഷ്പക വിമാനത്തിലേറി നാട്ടിലേക്ക് യാത്ര തുടര്‍ന്നു. വഴിയ്ക്ക് വിമാനം ഒരുപര്‍വതത്തില്‍ തട്ടി കുഞ്ഞു കാട്ടിലേക്ക് തെറിച്ചു വീണു. കുഞ്ഞിനെ കാട്ടില്‍ ഉപേഷിച്ചിട്ട്‌ പോകാന്‍ രാവണന്‍കൂട്ടാക്കിയില്ല. രാവണന്‍ വിമാനം നിലത്തിറക്കി ചുറ്റിലും നോക്കി. എടുക്കാനായി തന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി ചിരിച്ചുകൊണ്ടു കിടക്കുന്ന അതികായന്‍ എന്ന ബാലനെയാണ് രാവണന്‍ കണ്ടത്. നോക്കി നില്ക്കെ അവന്‍ വളര്‍ന്നുഭീമാകാരനായി. രാവണന്‍ അവനെ എടുത്തു നോക്കി! പൊങ്ങുന്നില്ല. അവനെ എടുക്കാന്‍ ഇരുപത് കൈകള്‍ പോരഇരുനൂറു കൈകള്‍ തന്നെ വേണം എന്ന് ഒരു ഞെട്ടലോടെ രാവണന്‍ മനസ്സിലാക്കി. അച്ചന്‍ നോക്കി നില്‍ക്കെ ഹനൂമാനെപ്പോലെ അതികായന്‍ ഒറ്റക്കുതിപ്പിനു വിമാനത്തിനകത്തായി. വിമാനമൊന്ന് കുലുങ്ങി. രാവണന്‍അതികായനെ ലങ്കയില്‍ കൊണ്ടു വന്ന് പുത്രദു:ഖമനുഭവിക്കുന്ന ധന്യമാലക്ക് കൊടുത്തു.

അതികായന്‍ വിദ്യ അഭ്യസ്സിച്ച്ചത് സാക്ഷാല്‍ ശ്രീ പരമേശ്വരനില്‍ നിന്നാണ്. ശാസ്ത്രശസ്ത്രാദികളില്‍ നൈപുണ്യംനേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുനികുമാരന്‍ ഗുരുവിനോട് താന്‍ എന്താണ് ഗുരുദക്ഷിണയായി നല്‍കേണ്ടതെന്ന്ചോദിച്ചു.

"നീ എനിക്ക് പാരിതോഷികമായി ഒന്നും തരേണ്ട; പകരം യുദ്ധതന്ത്രത്തില്‍ ഒരിക്കലും മായാ വിദ്യകള്‍പ്രയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പു തരണം" ശിവന്‍ പറഞ്ഞു.

അതികായന്‍ അത് സമ്മതിച്ചു. പിരിയാന്‍ നേരം ശിവന്‍ പ്രിയശിഷ്യന് പാശുപതാസ്ത്രം കൊടുത്തു. പിന്നീട് ബ്രഹ്മാവിനെ തപസ്സ് ചെയ്തു. സംപ്രീതനായ ബ്രഹ്മാവ്‌ അതികായന് ബ്രഹ്മാസ്ത്രവും കഞ്ചുകവും കൊടുത്തു. അതിനുപുറമേ ദാഹമോഹാദികള്‍ മേലില്‍ ഉണ്ടാകില്ലെന്നൊരു വരവും കൊടുത്തു.

ശിവനില്‍ നിന്ന് പാശുപതാസ്ത്രവും ബ്രഹ്മാവില്‍ നിന്ന് ബ്രഹ്മാസ്ത്രവും വാങ്ങി വന്ന അതികായന്‍ കണ്ടത് ഇന്ദ്രനോട്തോറ്റു തൊപ്പിയിട്ടിരിക്കുന്ന ചന്ദ്രന്‍ എന്ന തന്റെ മാതുലനെയാണ്. ഇന്ദ്രനെ പിടിച്ചു കൊണ്ട് വരാന്‍ മാതുലന്‍ ചന്ദ്രന്‍കല്‍പ്പിച്ചു. ഇന്ദ്രനുമായി അതികായന്‍ പൊരിഞ്ഞ യുദ്ധം നടത്തി. പാശുപതാസ്ത്രത്ത്തിനു മുന്‍പില്‍ വജ്രായുധം നിഷ്പ്രഭമായി. ദേവേന്ദ്രന്‍ കീഴടങ്ങി. ഇന്ദ്രനെ കീഴടക്കിയ അതികായനെ കൊല്ലാന്‍ ഒടുവില്‍ സാക്ഷാല്‍ ലക്ഷ്മണന്‍തന്നെ വേണ്ടി വന്നു. രാമരാവണ യുദ്ധത്തില്‍ ലക്ഷ്മണന്‍ അതികായന്റെ കഥ കഴിച്ചു.
*******

2010, ജൂൺ 7, തിങ്കളാഴ്‌ച

മുനിക്കഥ- അതിബലന്‍

അതിബലന്‍

ശ്രീരാമ ലക്ഷ്മണന്മാരുടെ മരണത്തിനു കാരണഭൂതനായ മുനിയാണ് അതിബലന്‍. അതിബലന്റെ കഥ ഇങ്ങനെ:

രാമരാവണ യുദ്ധവും സീതാപരിത്യാഗവും കഴിഞ്ഞ്‌ ശ്രീരാമന്‍ അയോദ്ധ്യയില്‍ കൊട്ടാരത്തില്‍ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ തുടങ്ങിയ സഹോദരങ്ങളോടും പുത്രമിത്രാദികളോടും പരിജനങ്ങ ലോടൊപ്പം താമസ്സിക്കുന്ന കാലം. ശ്രീരാമന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയായ കഥ ത്രിലോകജ്ഞാനിയായ ബ്രഹ്മാവറിഞ്ഞു. ബ്രഹ്മാവ്‌ ആരാച്ചാരായ കാലനെ വിളിപ്പിച്ച് ശ്രീരാമന്റെ കഥ കഴിക്കാന്‍ കല്‍പ്പിച്ചു. ആരാച്ച്ചാര്‍ക്കുണ്ടോ ദൈവമെന്നും രാജാവെന്നും. 'കൊന്നു കൊല വിളിക്കുക' ആരാച്ചാരുടെ ധര്‍മം അതാണ്‌.

താമസിയാതെ കാലന്‍ അതിബലന്‍ എന്നൊരു മുനിയുടെ വേഷം പൂണ്ട്‌ ശ്രീരാമ സന്നിധിയില്‍ ചെന്ന് ഒരു രഹസ്യംപറയാനുന്ടെന്നുള്ള വിവരം രാജാവിനെ അറിയിച്ചു. പൂച്ചയെ കാണുന്ന എലിക്കും കീരിയെ കാണുന്ന പാമ്പിനുംപറഞ്ഞു കൊടുക്കേണ്ട കാര്യമില്ല കാലന്‍ തന്റെ കണ്മുന്പിലെന്ന്; പിന്നെയല്ലേ സാക്ഷാല്‍ ഭഗവാന്. 'കാലന്റെ അമ്മക്ക് കഞ്ഞി വെക്കുന്നവന്‍' എന്ന് കേട്ടിട്ടുണ്ട് എന്നുവച്ച് കാലന്‍ വരുന്നത് കഞ്ഞി വെക്കാനല്ലല്ലോ! ശ്രീരാമന്‍ ഒരു ചെറു പുഞ്ചിരി തൂകി അതിബലനെ സ്വീകരിച്ചിരുത്തി. അതിബലന്‍ ഭവ്യാദാരങ്ങളോടെ ഭഗവാന്റെ മുന്നില്‍ ഇരുന്നു. എനിക്ക് മുനിയോടു ചിലത് രഹസ്യമായി ചര്‍ച്ച ചെയ്യാനുണ്ട്; ചര്‍ച്ചകഴിയുന്നത്‌ വരെ ആരേയും നീ ഉള്ളില്‍ പ്രവേശിപ്പിക്കരുത്. അങ്ങനെയായാല്‍ നീ വധിക്കപ്പെടും എന്ന് ലക്ഷ്മനനോട്പറഞ്ഞ ശേഷം സഭാവാസികളെ പുറത്താക്കി ശ്രീരാമന്‍ സഭാ കവാടം അടച്ച് അതിബലനോട് സംഭാഷണത്തില്‍ഏര്‍പ്പെട്ടു. സമയം ഷിപ്രകോപിയായ ദുര്‍വ്വാസാവ്‌ മഹര്‍ഷി ശിഷ്യഗനങ്ങലോടോപ്പം അവിടെ എത്തിച്ചേര്‍ന്നു. വിശന്നു വലഞ്ഞായിരുന്നു മുനിവര്യന്റെ വരവ്. വിശന്നാല്‍ ചെന്നായയെപ്പോലെയാണ് ദുര്‍വ്വാസാവ്‌; പശിയടങ്ങിയാല്‍ ഒരു മാങ്കിടാവും. വരം നിര്‍ലോഭം വാരിച്ച്ചൊരിയും അതാണ്‌ മൂപ്പരുടെ പതിവ്. രാജാവിനെകാണണമെന്ന്
ദുര്‍വ്വാസാവ്‌ ലക്ഷ്മനനോട് ആവശ്യപ്പെട്ടു.

"ആരെയും ഉള്ളില്‍ കടത്തി വിടരുതെന്നാണ് ജ്യേഷ്ഠന്റെ ആജ്ഞ". ലക്ഷ്മണന്‍ പറഞ്ഞു നോക്കി.

തന്നെ തടയാന്‍ ലക്ഷ്മണന്‍ ആളായോ? ദുര്‍വ്വാസാവിനു ദേഷ്യം വന്നു.
"സകലരേയും ശപിച്ച് ഭസ്മമാക്കും" ദുര്‍വാസാവിന്റെ കണ്ണുകള്‍ കോപം കൊണ്ട് ജ്വലിച്ചു!
ലക്ഷ്മണന്‍ഭയന്ന് വിറച്ചു.

രാജാക്കന്മാര്‍ക്ക് ആയുധം ആവനാഴിയിലാണെങ്കില്‍ മുനിമാര്‍ക്കത് നാവിന്‍തുമ്പത്താണ്. അസ്ത്രം മുനിശാപതിന്റെരൂപത്തില്‍ പുറത്തെടുക്കുന്നതിനു മുന്‍പ് ലക്ഷ്മണന്‍ ദുര്‍വ്വാസാവിനു വഴിമാറിക്കൊടുത്തു. മുനിശാപമേട്ടുമരിക്കുന്നതിനെക്കാള്‍ ഭേദം ജീവത്യാഗമാണ്. ലക്ഷ്മണന്‍ ചിന്തിച്ചു. ദുര്‍വ്വാസാവ്‌ സഭാങ്കനത്ത്തില്‍ പ്രവേശിച്ച്ശ്രീരാമനെ കണ്ട് ഭക്ഷനത്ത്തിനപെക്ഷിച്ച്ചു. മൃഷ്ട്ടാന്ന ഭോജനവും കഴിഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ മുനിയും പരിവാരങ്ങളുംപോയി. ശ്രീരാമന്‍ ദു:ഖിതനായി. തന്റെ വാക്കുകള്‍ തനിക്കു തന്നെ വിനയായല്ലോ എന്നോര്‍ത്ത് അദ്ദേഹം ദു:ഖിച്ചു. വാക്ക് മാറ്റാനും തനിക്കിനി കഴിയില്ലല്ലോ. വാക്ക് പാലിക്കാന്‍ തന്നെ ലക്ഷ്മണന്‍ തീരുമാനിച്ചു. ശ്രീരാമന്‍ ജീവച്ചവംപോലെ നിശ്ശബ്ദനായി ഇരുന്നു. ലക്ഷ്മണന്റെ വിയോഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും അദ്ദേഹത്തിനായില്ല. ലക്ഷ്മണന്‍ സരയൂ നദിയില്‍ ചാടി ജീവത്യാഗം ചെയ്തു. സീതാവിയോഗത്താല്‍ മനസ്സിനെ കല്ലാക്കി മാറ്റിയ ഭഗവാന്ഇക്കുറി പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ മനസ്സ് ഉരുകാന്‍ തുടങ്ങി. ഭഗവാന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ലക്ഷ്മണവിയോഗത്ത്തില്‍ ആദി പൂണ്ട ശ്രീരാമന്‍ രാജ്യ കാര്യങ്ങള്‍ സഹോദരങ്ങളെ ഏല്‍പ്പിച്ച്ച്ച ശേഷം സരയൂനദിയിലിറങ്ങി. സരയൂ നദിയുടെ കയങ്ങള്‍ രാജാവിനെ വിഴുങ്ങന്നത് കണ്ട് പൌരജനങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു. ലക്ഷ്യപൂര്ത്തി വരുത്തിയ അതിബലന്‍ പൂര്‍വരൂപം കൈക്കൊണ്ടു കാലനായി കാലാന്തരത്തില്‍ മാറുകയും ചെയ്തു.
******





2010, ജൂൺ 6, ഞായറാഴ്‌ച

മുനിക്കഥ-അണിമാണ്ടവ്യന്‍

കുന്തമുനയില്‍ കോര്‍ത്താലും മൌനവൃതം മുടക്കില്ല; അനീതി കണ്ടാല്‍ വ്രതം മുടങ്ങിയത് തന്നെ. പുരാണത്തില്‍ ഇങ്ങനെ ഒരു കഥാപാത്രമുണ്ട് മാണ്ടവ്യന്‍. മാണ്ടാവ്യമുനിയുടെ കഥ ഇങ്ങനെ:

പണ്ടുപണ്ട് മാണ്ടവ്യന്‍ എന്നൊരു ബ്രാമണ താപസ്സനുണ്ടായിരുന്നു. സാദാരണ താപസന്മാരെപ്പോലെ ഇരുന്നല്ല അദ്ദേഹം തപസ്സനുഷ്ടിച്ച്ചത്. ഇരുകൈകളും പൊക്കി നിന്നുകൊണ്ടാണ് മാണ്ടവ്യന്‍ തപസ് ചെയ്തത്. ഒരക്ഷരം ഉരിയാടാതെ വര്‍ഷങ്ങളോളം മൌനിയായി മുനി തപസ് ചെയ്തു. തന്റെ തലയില്‍ പക്ഷികള്‍ കാഷ്ട്ടിച്ചിട്ടും മഞ്ഞും മഴയും കൊണ്ടിട്ടും മുനി അതേ നില്പ് നിന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ കുറെ കള്ളന്മാര്‍ രാജധാനിയില്‍ നിന്നപഹരിച്ച്ച്ച ധനവുമായി അത് വഴി വന്നു. രാജ കിങ്കരന്മാര്‍ പിന്തുടരുന്നത് കണ്ടു സുരക്ഷിതമായ ഒരു സ്ഥലത്ത് ധനമെല്ലാം ഒളിപ്പിക്കുന്നതാണ് ബുദ്ധി എന്ന് കരുതി അവര്‍ മുനിയെ വിളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചു. മുനി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നുമില്ല ഒരക്ഷരം ഉരിയാടിയതുമില്ല. കള്ളന്മാര്‍ മാണ്ടവ്യന്റെ താടിക്കു പിടിച്ചു വലിച്ചു നോക്കി; വായ്‌ പിളര്‍ന്നു നോക്കി; കണ്പോള ഉയര്‍ത്തി നോക്കി; കത്തിയെടുത്തു ശരീരത്തില്‍ കുത്തി നോക്കി അണിമാണ്ടവ്യന്‍ അനങ്ങിയില്ല. ഇത് തന്നെ തക്കമെന്നു കരുതി കള്ളന്മാര്‍ ധനമെല്ലാം അണിമാണ്ടവ്യന്റെ കാല്‍ക്കല്‍ വച്ചിട്ട് ഒറ്റ ഓട്ടം. പുറകെ വന്ന രാജകിങ്കരന്മാര്‍ കണ്ടത് പണ്ടമെല്ലാം നിലത്തു വച്ചു പ്രതിമ പോലെ നില്‍ക്കുന്ന ആണിമാണ്ടവ്യനെയാണ്.

അണിമാണ്ടവ്യനെ രാജകിങ്കരന്മാര്‍ കൈയോടെ പിടി കൂടി; ഒപ്പം കട്ട മുതലും. ഇതിനിടെ കള്ളന്മാരും പിടിയിലായി. രാജകിങ്കരന്മാര്‍ അണിമാണ്ടവ്യന്‍ ഉള്‍പ്പെടെ കള്ളന്മാരെ രാജസന്നിധിയില്‍എത്തിച്ചു. വിചാരണ കൂടാതെ തന്നെ എല്ലാവരേയും ശൂലത്തില്‍ കയറ്റി കൊല്ലാന്‍ രാജകല്‍പ്പനയായി. അണിമാണ്ടവ്യന്‍ മിണ്ടിയില്ല. കള്ളന്മാരോടൊപ്പം അണിമാണ്ടവ്യനെയും രാജകിങ്കരന്മാര്‍ ശൂലത്തില്‍ കൊരുത്തിട്ടു. കള്ളന്മാര്‍ മരിച്ചെങ്കിലും അണിമാണ്ടവ്യന്റെ ഉയിരെടുക്കാന്‍ കാലന് കഴിഞ്ഞില്ല.

അണിമാണ്ടവ്യന്‍ ശൂലത്തില്‍ കിടക്കുന്ന കാലം. അത്രി പുത്രനായ ഉഗ്രശ്രവസ്സിനു വേശ്യാഗൃഹത്ത്തില്‍പോകാനൊരു പൂതി തോന്നി. വിവരം ഭാര്യ ശീലാവതിയെ അറിയിച്ചു. പതിവ്രതയായ ശീലാവതി ഭര്‍ത്താവിന്റെഇങ്കിതം സാധിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. മരണശയ്യയില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ഒടുവിലത്തെആഗ്രഹാമാകാം ഇത്. ശീലാവതി ആരെയും സഹായത്തിനു വിളിച്ചില്ല. ആരോടും പറയാന്‍ കൊള്ളാത്തകാര്യത്ത്തിനാനല്ലോ പുറപ്പാട് . ശീലാവതി ഉഗ്രശ്രവസ്സിനെ തോളിലേറ്റി വേശ്യാഗൃഹത്ത്തിലേക്ക് നടന്നു. നടന്നുനടന്ന്‍ അണിമാണ്ടവ്യന്റെ സമീപമെത്തി. ശൂലത്തില്‍ '' പോലെ തൂങ്ങി കിടക്കുന്ന അണിമാണ്ടവ്യനെ കണ്ടഉഗ്രശ്രവസ്സിനു സഹതാപമല്ല ചിരിയാണ് വന്നത്. ഉഗ്രശ്രവസ്സിന്റെ പരിഹാസം അണിമാണ്ടവ്യനു ഇഷ്ടപ്പെട്ടില്ല. പതിവ്രതയായ ഭാര്യയുടെ തോളിലേറി വേശ്യയെ കാണാന്‍ പോകുന്ന ഉഗ്രശ്രവസ്സിനോടു അടങ്ങാത്ത കോപംഅണിമാണ്ടവ്യനു തോന്നി. ഉഗ്രശ്രവസ്സിന്റെ പരിഹാസം കൂടി കേട്ടതോടെ അണിമാണ്ടവ്യന്റെ കോപം ഇരട്ടിച്ചു. അണിമാണ്ടവ്യന്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു:

"നാളെ സൂര്യോധയത്തിനു മുന്‍പ് നിന്റെ തല പൊട്ടിത്തെറിക്കട്ടെ".

ശീലാവതിയും വിട്ടില്ല; അവളും കൊടുത്തു ഒരു പ്രതിശാപം:

"നാളെ സൂര്യനുദിക്കാതെ പോകട്ടെ".

ശീലാവതി പറഞ്ഞത് സത്യമായി. പിറ്റേന്നു സൂര്യനുദിച്ച്ചില്ല. സൂര്യനുദിക്കില്ലെന്ന പ്രതിജ്ഞയില്‍ നിന്ന് ശീലാവതിയെപിന്തിരിപ്പിക്കാന്‍ ഒടുവില്‍ അത്രി പത്നി അനസൂയ തന്നെ വേണ്ടി വന്നു. അണിമാണ്ടവ്യന്റെ ശാപം ലക്‌ഷ്യം കണ്ടു. സൂര്യനു
ദിച്ച്ചതോടെ ഉഗ്രശ്രവസ് മരിച്ചു വീണു.

ശൂലാഗ്രത്ത്തില്‍ കിടന്ന മുനി മരിച്ചില്ല. കൂനിന്മേല്‍ കുരു പോലെ അണിമാണ്ടവ്യനെ കണ്ട പരമശിവന്‍ മുനിക്ക്‌ദീര്‍ഘയുസ്സുണ്ടാകാന്‍ അനുഗ്രഹവും നല്‍കി. ഇതിനിടെ അണിമാണ്ടവ്യന്‍ ശൂലം തരച്ച്ചിട്ടും മരിക്കാത്ത കഥ രാജാവ്അറിഞ്ഞു. ദിവ്യനായ മഹാര്ഷിയോടു താന്‍ ചെയ്ത തെറ്റിന് രാജാവ് മാപ്പ് ചോദിച്ചു. ശൂലം വലിച്ച്ചൂരാന്‍ രാജാവ്ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഒടുവില്‍ ശൂലം അറുത്തെടുത്തു. ശൂലാഗ്രം ശരീരത്തില്‍ അവശേഷിച്ച്ചത് കൊണ്ട്മാണ്ടവ്യന്‍ പിന്നീട് അണിമാണ്ടവ്യന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

ശൂലമുനയും പേറി അണിമാണ്ടവ്യന്‍ ശിഷ്ട ജീവിതം കഴിച്ചു കൂട്ടി. ഒരിക്കല്‍ ധര്മവ്യാധനെ കണ്ട മുനി തനിക്കു ശൂലദന്ധനം ഏല്‍ക്കാനുള്ള കാരണം ആരാഞ്ഞു. ബാലനായിരുന്നപ്പോള്‍ തുമ്പിയെ പുല്‍ക്കൊടിയില്‍ കോര്ത്തത്തിന്റെശിക്ഷയാണ് ഇതെന്ന്‌ മറുപടി കിട്ടി. ഇത് കേട്ട അണിമാണ്ടവ്യനു കലിയിളകി. അദ്ദേഹം ധര്‍മദേവനെ ശപിച്ചു:

"പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക്‌ ശിക്ഷയില്ലെന്നൊരു ശാസ്ത്രവിധിയുണ്ട്. ശാസ്ത്രവിധിതെറ്റിച്ച് ബ്രാഹ്മണനായ എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന നീ മനുഷ്യ ജാതിയില്‍ അധമനായശൂദ്രനായി പിറക്കട്ടെ".

വിദുരരുടെ ജനനത്തിനു വഴിയൊരുക്കിയത് അണിമാണ്ടവ്യന്റെ ശാപമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

*******