2010, ജൂലൈ 14, ബുധനാഴ്‌ച

മുനിക്കഥ- കൃപര്‍

കൃപര്‍

കുടത്തില്‍ നിന്നും തുടപിളര്‍ന്നുമൊക്കെ കുഞ്ഞു പിറന്നു എന്ന് പുരാണത്തില്‍ കഥയുണ്ട്. ശരാഗ്രത്ത്തില്‍ നിന്ന് കുഞ്ഞുപിറന്ന കഥ അവിശ്വസനീയമായി തോന്നുന്നില്ലേ! അങ്ങനെ പിറന്ന ഒരു മുനിയുണ്ട് പുരാണത്തില്‍; സാക്ഷാല്‍ കൃപര്‍. കൃപരുടെ ജനന കഥ പറഞ്ഞ് കൊണ്ട് കഥ തുടങ്ങാം.

സാധാരണ മുനികുമാരന്മാര്‍ക്ക് താല്പര്യം ജനിക്കേണ്ടത്‌ വേദ പഠനത്തിലാണ്. എന്നാല്‍ കൃപരുടെ പിതാവ് ശരദ്വാമുനിക്ക്‌ താല്പര്യം ക്ഷത്രിയരെപ്പോലെ ധനുര്‍വിദ്യയിലായിരുന്നു. ശരദ്വാ മുനി വളര്‍ന്നപ്പോള്‍ കാട്ടില്‍ പോയിതപസ്സാരംഭിച്ച്ചു. കമണ്ടലുവിനു പകരം അമ്പും വില്ലും അരികില്‍ വച്ചായിരുന്നു തപസ്സ്. ദിവ്യാസ്ത്രലബ്ദിയായിരുന്നു തപസ്സിന്റെ ഉദ്ദേശ്യം. ഇന്ദ്രന്‍ ശരദ്വാന്റെ തപസ്സ് മുടക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആരാഞ്ഞു. പെണ്ണൊരുംപെട്ടാല്‍ ഏതു ബ്രഹ്മചാരിയും തപസ്സ് മുടക്കും എന്ന് മനസ്സിലാക്കിയ ഇന്ദ്രന്‍ ജാനപതി എന്ന ദേവ നര്‍ത്തകിയെ ശരദ്വാന്റെ സമീപത്തെക്കയച്ച്ചു. അല്‍പവസ്ത്രധാരിണിയായി മുമ്പില്‍ നൃത്തം ചെയ്ത ജാനപതിയെ കണ്ട ശരദ്വാന് ഇന്ദ്രിയ സ്കലനമുണ്ടായി. തന്റെ മുന്നില്‍ കുത്തനെ വച്ചിരുന്ന ശരാഗ്രത്തിലാണ് ഇന്ദ്രിയം പതിച്ചത്. ശരാഗ്രത്ത്തില്‍ വീണ ഇന്ദ്രിയം രണ്ടായി പിളര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഒരാണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും. രണ്ട് കുഞ്ഞുങ്ങളെയും നായാട്ടിനു വന്ന ശാന്തനുമഹാരാജാവിനു കിട്ടി. അദ്ദേഹം അവരെ കൊട്ടാരത്തില്‍ കൊണ്ട് പോയി വളര്‍ത്തി. അതില്‍ ആണ്‍ കുട്ടി വളര്‍ന്നു കൃപരും പെണ്‍കുട്ടി വളര്‍ന്ന് കൃപിയും ആയിത്തീര്‍ന്നു.

ശാന്തനു മഹാരാജാവിന്റെ കൊട്ടാരത്തില്‍ തന്റെ മക്കള്‍ വളരുന്നുന്ടെന്നറിഞ്ഞു ശരദ്വാ മുനി കൊട്ടാരത്തിലെത്തി. കുട്ടികളെ കാണുകയും അവര്‍ തന്റെ മക്കള്‍ ആണെന്നുള്ള വിവരം ശാന്തനുവിനെ ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം രഹസ്യമായി കൊട്ടാരത്തില്‍ താമസിച്ച് കൃപരെ ധനുര്‍ വേദങ്ങളും ആസ്ത്രവിദ്യകളും അഭ്യസിപ്പിച്ചു. ധനുര്‍വേദ ആചാര്യനായിത്തീര്‍ന്ന കൃപരില്‍ നിന്നാണ് പാണ്ടവരും കൌരവരും വൃഷ്ണികളും യധുക്കളുമെല്ലാം ധനുര്‍വിദ്യ അഭ്യസിച്ചത്‌.

അസ്ത്രാഭ്യാസം പൂര്‍ത്തിയാക്കിയ ശിഷ്യഗണങ്ങള്‍ക്ക് കൊട്ടാരത്തില്‍ ഒരു അരങ്ങേറ്റം സംഘടിപ്പിച്ചു. അര്‍ജുനന്റെ വിജയം സ്വപ്നം കണ്ടിരുന്നവരുടെ കൂട്ടത്തില്‍ കൃപരുമുണ്ടായിരുന്നു. ഏറ്റുമുട്ടിയവരൊക്കെ അര്‍ജുനനോടു പരാജയം ഏറ്റു വാങ്ങി. അര്‍ജ്ജുനനെ വിജയിയായി പ്രഖ്യാപിക്കുമെന്ന ഘട്ടം വന്നപ്പോള്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വെല്ലു വിളിച്ചു. കൃപര്‍ കര്‍ണ്ണന്റെ കുലമഹിമയെ ചോദ്യം ചെയ്ത് അര്‍ജ്ജുനന്റെ മാനം രക്ഷിച്ചു. മത്സരിക്കാനായില്ലെങ്കിലും കര്‍ണ്ണന് അംഗരാജാവാകാന്‍ കഴിഞ്ഞത് കൃപരുടെ ഈ ഭര്‍ത്സനം മൂലമായിരുന്നു.

ഭാരത യുദ്ധത്തില്‍ കൌരവപക്ഷം ചേര്‍ന്ന കൃപര്‍ പലപ്പോഴും പാണ്ടവരോട് സന്ധി ചെയ്യുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടു. ശരീരം കൌരവപക്ഷത്തും മനസ്സ് പാണ്ടവപക്ഷത്തും അതായിരുന്നു തുടക്കത്തില്‍ യുദ്ധത്തില്‍ കൃപര്‍ അനുവര്‍ത്തിച്ച നയം. കര്‍ണ്ണന്റെ സാരഥിയായിരിക്കെ കര്‍ണ്ണനെ ഭര്‍ല്സിച്ച് വീര്യം കെടുത്താന്‍ കിട്ടിയ അവസരമൊന്നും കൃപര്‍ പാഴാക്കിയില്ല. യുദ്ധത്തില്‍ കൃപര്‍ ശിഖണ്ടിയെ പരാജയപ്പെടുത്തി. കാളിന്ദരാജാവിനേയും സുകേതുവിനെയും വധിച്ചു. സാത്യകിയോടും അര്‍ജ്ജുനനോടും പരാജയം ഏറ്റു വാങ്ങി. ഒരു പക്ഷെ സ്വയം പരാജയം സമ്മതിച്ചു കൊടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

അശ്വത്ഥാമാവ് സേനാപതിയായതോടെ കൃപര്‍ ശരിക്കും കൌരവപക്ഷപാതിയായി. യുദ്ധത്തിലെ സകല മര്യാദകളും ധര്‍മ്മങ്ങളും മറന്ന് അശ്വത്ഥാമാവിനോടൊപ്പം കൂടി. രാത്രി യുദ്ധത്തില്‍ ആശ്വത്ധാമാവിനോടൊപ്പം പങ്കു ചേര്‍ന്ന കൃപര്‍ പാണ്ടവ കുടീരത്തില്‍ നിന്നും അശ്വത്ഥാമാവാല്‍ പലായനം ചെയ്യപ്പെട്ട യോദ്ധാക്കളെ ഒന്നൊന്നായി തന്റെ വാളിനിരയാക്കി. അശ്വത്ഥാമാവോടൊപ്പം ചേര്‍ന്ന് പാണ്ടവപാളയത്തിന് തീ കൊളുത്താനും പാണ്ഡവരെ ഒന്നടങ്കം പാളയത്തില്‍ ചെന്ന് വക വരുത്താനും അദ്ദേഹം കൂട്ട് നിന്നു. പാണ്ടവരെല്ലാം അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആയി എന്ന് തെറ്റിധരിച്ച് വിജയ ശ്രീലാളിതരായി മടങ്ങിയ ആശ്വത്ധാമാവും കൃപരും വഴിയ്ക്ക് വച്ച് ഭീമനേയും, അര്‍ജുനനെയും, കൃഷ്ണനെയും കണ്ട് ഞെട്ടി. കൃഷ്ണശാപം ഏറ്റുവാങ്ങി അശ്വത്ഥാമാവ് കാട് കയറിയതോടെ കൌരവപാണ്ടവ യുദ്ധത്തിന് അറുതിയായി. ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടൊപ്പം വനവാസത്തിനു പോകാന്‍ തയ്യാറായി. ധൃതരാഷ്ട്രരെ അനുഗമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൃപരെ ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്തിരിപ്പിച്ച്ചു. കൃപരെ രാജധാനിയില്‍ പാര്‍പ്പിക്കാന്‍ ധൃതരാഷ്ട്രര്‍ യുധിഷ്ടിരനോട് അപേക്ഷിച്ചു. യുധിഷ്ടിരന്‍ അദ്ദേഹത്തെ പരീക്ഷിത്തിന്റെ ഗുരുവായി വാഴിച്ചു. ചിരഞ്ജീവിയായി അവിവാഹിതനായി കഴിഞ്ഞ കൃപര്‍ സ്വര്‍ഗ്ഗാരോഹണംവരെ ഹസ്തിനപുരരാജധാനിയില്‍ രാജഗുരുവായി കഴിഞ്ഞു കൂടി.
**********






2010, ജൂലൈ 11, ഞായറാഴ്‌ച

മുനിക്കഥ- ദധീചന്‍


ദധീചന്‍
ഇന്ദ്രന്‍ വജ്രായുധം നിര്‍മ്മിച്ചത് വജ്രം കൊണ്ടല്ല, സ്വര്‍ണ്ണം കൊണ്ടുമല്ല; ദധീച മുനിയുടെ അസ്ഥി കൊണ്ടാണ്. ലോകക്ഷേമത്തിനായി ജീവത്യാഗം ചെയ്ത ടധീച മുനി പ്രസിദ്ധനായ ഭൃഗു മഹര്‍ഷിയുടെ പുത്രനായിരുന്നു.

ദധീചന്‍ സാധാരണ മുനി ബാലന്മാരെപ്പോലെ ബാല്യത്തില്‍ തന്നെ തപസ്സ് തുടങ്ങി. സരസ്വതീ നദീതടമാണ് ദധീചന്‍ തപസ്സിനായി തെരഞ്ഞെടുത്തത്. ധീചന്റെ തപ:ശക്തി കൊടുമ്പിരി കൊണ്ടതോടെ ഇന്ദ്രന് ഇരിക്കപ്പൊറുതി ഇല്ലാതായി. തനിക്ക് സ്ഥാനചലനം സംഭവിക്കുമെന്ന് ഭയന്ന ഇന്ദ്രന്‍ ദേവനര്‍ത്തകി അലംബുഷയെ വരുത്തി വിവരം ധരിപ്പിച്ചു. അലംബുഷ സരസ്വതീ നദിക്കരയില്‍ പ്രത്യക്ഷയായി.

ദേവകന്യകയുടെ പാദസ്പര്‍ശമേറ്റ് സരസ്വതീ നദീതടം പുളകമണിഞ്ഞു. അലംബുഷ നദീതടം ഒരു നോക്ക് കണ്ടു. കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യന് താഴെ വരണ്ടുണങ്ങി നില്‍ക്കുന്ന വൃക്ഷലതാദികള്‍. അലംബുഷ ഒന്ന് നോക്കിയതേയുള്ളൂ ഗ്രീഷ്മം വസന്തത്തിന് വഴി മാറി. മരങ്ങള്‍ നൊടിയിടയില്‍ തളിരിട്ടു ..... പൂവിട്ടു. മധുവുണ്ട് വണ്ടുകള്‍ മൂളി; കുയിലുകള്‍ പാടി. ഇളം കാറ്റ് എമ്പാടും വീശിയടിച്ച്ച്ചു. ഇലകള്‍ മര്‍മ്മരം കൊണ്ടു. സരസ്വതീ നദിയില്‍ കൊച്ച്ചോളങ്ങള്‍ നൃത്തം വെച്ചു.

കണ്ണടച്ച് ധ്യാനത്തിലിരുന്ന മുനിയുടെ മുന്‍പില്‍ വിലാസവതിയായി അവള്‍ ലാസ്യ നൃത്തമാടി. മുനി അനങ്ങിയില്ല. ദേവേന്ദ്രന്‍ കാറ്റിന്റെ രൂപം പ്രാപിച്ച് അലംബുഷയുടെ ഉടുപുടവ ഉരിഞ്ഞ് കാറ്റില്‍പറത്തി. വിവസ്ത്രയായി അവള്‍ നൃത്തം തുടര്‍ന്നു. അലംബുഷ മുനിയുടെ മുന്‍പില്‍ ഒന്നും മറച്ചു വച്ചില്ല. മുനി മെല്ലെകണ്ണ് തുറന്നു. അലമ്ബുഷയുടെ നഗ്നത കണ്ട മുനിയില്‍ വൈകാരിത ഭാവം സട കുടഞ്ഞ്‌ എണീറ്റു. അവളുടെനഗ്നനൃത്തച്ച്ചുവടില്‍ പുഷ്പങ്ങള്‍ ഉദിര്‍ത്ത് പുഷ്പശയ്യയൊരുക്കി തല കുമ്പിട്ടു നില്‍ക്കുകയാണ് അശോകവും പൂവാകയും ചെമ്പകവും. മാനുകളുടെ ക്രീഡയും മത്തു പിടിപ്പിക്കുന്ന നാനാ തരംപുഷ്പങ്ങളുടെ സുഗന്ധവും മുനിക്ക്‌ പ്രചോദനമായി. അലമ്ബുഷയുടെ നൃത്തം സകല അതിര്‍വരമ്പുകളും ലംഘിച്ചതോടെ അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ മുനിക്ക് സ്കലനമുണ്ടായി. ഇതെല്ലാം കണ്ടു കാമമോഹിതയായി നിന്ന സരസ്വതീ നദി മുനിബീചം റ്റുവാങ്ങി തന്റെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിച്ചു.

ഗര്‍ഭിണിയായ സരസ്വതീ നദി താമസിയാതെ ഒരു പുത്രനെ പ്രസവിച്ചു. കുഞ്ഞിനേയും കൂട്ടി സരസ്വതി ദാധീച്ചനെ ചെന്ന് കണ്ടു വൃത്താന്തമെല്ലാം മുനിയെ പറഞ്ഞ് കേള്‍പ്പിച്ചു. മുനി കുഞ്ഞിനെ അനുഗ്രഹിച്ചു.
അവനു സാരസ്വതന്‍ എന്ന് പേരിടണമെന്ന് മുനി അരുളി ചെയ്തു. മാത്രമല്ല മഴ പെയ്യിക്കാനുള്ള മന്ത്രം കുഞ്ഞിനു ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

ഒരിക്കല്‍ ഭൂമി മുഴുവന്‍ അസുരന്മാരെക്കൊണ്ട് നിറഞ്ഞു. വൃത്രന്റെ നേതൃത്വത്തില്‍ അവര്‍ ഭൂമിയും സ്വര്‍ഗ്ഗവും കീഴടക്കി. വൃത്രനെ തോല്‍പ്പിക്കാന്‍ ഇന്ദ്രനായില്ല. ഒടുവില്‍ ടധീചന്റെ കൈവശമുണ്ടായിരുന്ന ഒരു കുതിരത്തലക്ക് അസാമാന്യ ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ഇന്ദ്രന്‍ അത് തേടിയിറങ്ങി. ശര്യണം എന്ന സ്ഥലത്ത് ഒരു സരസ്സില്‍ കണ്ടെത്തിയ കുതിരത്തലയുടെ അസ്ഥി കൊണ്ട് ടധീചന്റെ സഹായത്തോടെ ഇന്ദ്രന്‍ അനേകം അസുരന്മാരെ കൊന്നൊടുക്കി. എന്നാല്‍ വൃത്രനോട് മാത്രം ഇന്ദ്രന്റെ കളി വിലപ്പോയില്ല. അക്കാലത്ത് ഇന്ദ്രന് ആകാശ ദേശം നിറയെ മേഘങ്ങളാകുന്ന ആട്ടിന്‍പറ്റമുണ്ടായിരുന്നു. വൃത്രന്‍ അവയെ തെളിച്ച് പര്‍വതത്തിലുള്ള തന്റെ കോട്ടയില്‍ കൊണ്ട് പോയി അടച്ചു. അതോടെ മഴ പെയ്യാതായി. ഭൂമിയില്‍ ശക്തിയായ വരള്ച്ച്ചയുണ്ടായി. ജനങ്ങള്‍ പട്ടിണിയിലായി. മഴ പെയ്യാനായി ഇന്ദ്ര പ്രീതിക്കായി ജനങ്ങള്‍ യാഗങ്ങള്‍ നടത്തി. ഇത് കണ്ട് മനസ്സലിഞ്ഞ ഇന്ദ്രന്‍ വംബിച്ച്ച സൈന്യ സന്നാഹങ്ങളോടെ വൃത്രാസുരന്റെ കോട്ടയെ ലക്ഷ്യമായി നടന്നു. എന്നാല്‍ കോട്ടവാതില്‍ തള്ളിത്തുറക്കാന്‍ ഇന്ദ്രന്റെ സൈന്യത്തിനായില്ല. ഒടുവില്‍ ഇന്ദ്രന്‍ ബ്രഹ്മാവിന്റെ സഹായം തേടി.

"വൃത്രന്റെ ശക്തിയുടെ രഹസ്യം എനിക്കായില്ല. ഭൂമിയില്‍ പോയി മുനിമാരോട് ചോദിക്കൂ അവര്‍ പറഞ്ഞ് തരും" ബ്രഹ്മാവ്‌ പറഞ്ഞു.

ഇന്ദ്രന്‍ ഭൂമിയില്‍ വന്നു വൃത്രന്റെ ശക്തിയുടെ രഹസ്യം ഋഷിമാരോട് ചോദിച്ചു.

"വജ്രായുധത്തിനു മാത്രമേ വൃത്രനെ കീഴ്പെടുത്താനാവൂ". മുനിമാര്‍ ഏക സ്വരത്തില്‍ പറഞ്ഞു.

"വജ്രായുധാമോ! അതെവിടുന്നു കിട്ടും?" കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ആയുധത്തെപ്പറ്റി കേട്ടപ്പോള്‍ ഇന്ദ്രന്‍ അന്തം വിട്ടു നിന്നു.

"വജ്രായുധം നാളിതുവരെ ആരും ഉപയോഗിച്ചിട്ടില്ല. കൊടിയ താപസിയായ ഒരു മുനിയുടെ നട്ടെ ല്ലെടുത്ത് വേണം വജ്രായുധമുണ്ടാക്കാന്‍. അതും ആ താപസിയുടെ സമ്മതത്തോടെ".

പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതായി ഇന്ദ്രന് തോന്നി. ജീവനോടിരിക്കുന്ന ഒരു മുനിയുടെ നട്ടെല്ല് ചോദിച്ച് ചെന്നാലുള്ള അനുഭവം എന്താകും. അതോര്‍ക്കാന്‍ പോലും ഇന്ദ്രനായില്ല.

ഋഷിമാര്‍ പറഞ്ഞു കേട്ട് സംഭവമറിഞ്ഞ ദധീചി മഹര്‍ഷി ജീവത്യാഗം ചെയ്തു. ദതീചിയുടെ നാട്റെല്ലെടുത്ത് ദേവേന്ദ്രന്‍ വജ്രായുധം നിര്‍മിച്ചു. വജ്രായുധവുമായി സൈന്യസന്നാഹത്തോടെ തന്റെ നേര്‍ക്ക്‌ വരുന്ന ദേവേന്ദ്രനെ കണ്ട് വൃത്രാസുരന്‍ കിടുകിടാ വിറച്ചു. ദേവേന്ദ്രന്‍ വജ്രായുധം ദേവേന്ദ്രന്റെ നേര്‍ക്ക്‌ പായിച്ചു. അത് കോട്ടയും തകര്‍ത്ത് ഉള്ളില്‍ കടന്ന് വൃത്രന്റെ തലയരിഞ്ഞു വീഴ്ത്തി. ഇന്ദ്രന്റെ സൈന്യം കോട്ടവാതില്‍ തള്ളിത്തുറന്ന് മേഘങ്ങളെ സ്വതന്ത്രരാക്കി. താമസിയാതെ ആകാശത്ത് മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിമിര്‍ത്തു പെയ്ത മഴയില്‍ കുളിച്ച് ജനങ്ങള്‍ ആകാശത്തേയ്ക്ക് കരങ്ങളുയര്‍ത്തി ഹര്‍ഷാരവം മുഴക്കി. ആകാശത്ത് നിന്നുതിരുന്ന ഓരോ തുള്ളി മഴയ്ക്കും നാം ദതീചിയോടു കടപ്പെട്ടിരിക്കുന്നു എന്ന് പഴമക്കാര്‍ പറയുന്നു.
*******




2010, ജൂലൈ 9, വെള്ളിയാഴ്‌ച

മുനിക്കഥ- അത്രി


അത്രി

സപ്തര്‍ഷികളില്‍ ഒരാളായ അത്രി ബ്രഹ്മാവിന്റെ മാനസപുത്രനായിരുന്നു. അത്രിയുടെ കഥ പറയാത്ത പുരാണങ്ങലില്ല; ഇതിഹാസങ്ങളില്ല. പരാശരമുനി രാക്ഷസന്മാരെ ഹനിക്കാന്‍ നടത്തിയ യാഗത്തില്‍ നിന്ന് അത്രി മഹര്‍ഷി പരാശരനെ പിന്തിരിപ്പിച്ച്ച്ച ഒരു കഥ പറഞ്ഞ് കൊണ്ട് അത്രിയുടെ കഥ തുടങ്ങാം:

മുനിമാര്‍ക്കിടയിലും ശത്രുത നിലനിന്നിരുന്നതിന്റെ തെളിവാണ് വിശാമിത്രനും വസിഷ്ഠനും തമ്മിലുള്ള ശത്രുതയുടെ കഥ. വസിഷ്ടന്റെയും വിശ്വാമിത്രന്റെയും സമകാലികനായ ഒരു രാജാവായിരുന്നു കന്മാഷപാദ മഹാരാജാവ്. ഒരിക്കല്‍ അദ്ദേഹം
നായാട്ടിനായി വസിഷ്ഠ പുത്രന്‍ ശക്തി തപസ്സ് ചെയ്തുകൊണ്ടിരുന്ന കാട്ടിലെത്തി. മുനിയല്ലല്ലോ; മുനിപുത്രനല്ലേ. വേണ്ടത്ര ആദരവ് മുനികുമാരനോട് കാട്ടാന്‍ രാജാവ് തയ്യാറായില്ല. ശക്തിയുണ്ടോ വിടുന്നു. ആട് കിടന്നിടത്ത് ഒരു രോമമെങ്കിലും കാണുമെന്ന് ഒരു ചൊല്ലില്ലേ. വസിഷ്ഠന്റെ തേജസ്സിന്റെ ഒരംശം മുനി കുമാരനിലും ഉണ്ടാകുമല്ലോ. ശക്തി കന്മഷപാദ മഹാരാജാവിനെ 'നീയൊരു രാക്ഷസനായിത്തീരട്ടെ' എന്ന് ശപിച്ചു. തേജസ്സിയായ കന്മാഷപാദ മഹാരാജാവ് താമസിയാതെ ദംഷ്ട്രധാരിയായ ഒരു ഭീകര രാക്ഷസ്സനായി മാറി. രാക്ഷസനുണ്ടോ മുനിയെന്നും മുനികുമാരനെന്നും. തന്നെ ശപിച്ച മുനികുമാരന്‍ തന്നെയാകട്ടെ ആദ്യത്തെ ഇര എന്ന് കല്‍പ്പിച്ച്‌ രാക്ഷസന്‍ ശക്തിയെ പിടിച്ചങ്ങ് വിഴുങ്ങി. വസിഷ്ഠന്റെ ശത്രുവായ വിശ്വാമിത്രന് രാക്ഷസന്റെ പ്രവൃത്തി നന്നേ ബോധിച്ചു. വസിഷ്ഠന്റെ പുത്രന്മാരെ ഒന്നൊന്നായി വിശ്വാമിത്രന്‍രാക്ഷസനു കാട്ടിക്കൊടുത്തു. രാക്ഷസന്‍ എല്ലാവരെയും അകത്താക്കി. രാക്ഷസന്റെ കൈയില്‍പ്പെടാതെ ശക്തിയുടെ ഭാര്യ അദൃശ്യന്തിയും വസിഷ്ഠനും ഒരാശ്രമത്ത്തില്‍ ഒളിച്ചു പാര്‍ത്തു. ഗര്‍ഭിണിയായ അദൃശ്യന്തി താമസിയാതെ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. കുട്ടി വളര്‍ന്നു മഹാനായ പരാശരമുനിയായി. തന്റെ അച്ചന്റെ മരണത്തിന് കാരണക്കാരനായ കന്മാഷപാദനെയും രാക്ഷസ സമൂഹത്തേയും ഹനിക്കാനായി പരാശരന്‍ ഒരു യജ്ഞം നടത്തി. ഒടുവില്‍ അത്രിമുനി അവിടെ ചെന്ന് രാക്ഷസന്മാരുടെ ഉന്മൂലനാശത്തില്‍ നിന്നും അവരെ രക്ഷിച്ചു എന്നാണ് കഥ.

ഒരിക്കല്‍ അത്രി മഹര്‍ഷിയും ഭാര്യ അനസൂയയും വനവാസത്തിനു പോകാന്‍ തീരുമാനിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയിട്ട് വേണം വന വാസത്തിനു പുറപ്പെടാന്‍. പുത്രന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും നല്‍കാനായി കുറെ ധനം സമ്പാദിക്കണം. വൈന്യ രാജാവിനെ ചെന്നു കണ്ട് കുറെ പണം ചോദിയ്ക്കാന്‍ അനസൂയ ഭര്‍ത്താവിനോട് പറഞ്ഞു. അത്രി വൈന്യനെ ചെന്ന് കണ്ടു. ആദ്യ രാജാവ് വൈന്യനാണെന്ന് പറഞ്ഞു അത്രി വൈന്യനെ പുകഴ്ത്തി. വൈന്യന്‍ സമ്മതിച്ചില്ല. ഇന്ദ്രനാണ്‌ ആദ്യ രാജാവെന്ന് വൈന്യന്‍ തര്‍ക്കിച്ചു. തര്‍ക്കം ഒടുവില്‍ തീര്‍ത്തത് സനല്‍ക്കുമാര മഹര്‍ഷിയാണ്. വേണ്ടത്ര ധനം കൊടുത്ത് വൈന്യന്‍ അത്രിയെ സന്തോഷിപ്പിച്ച്ചയച്ച്ചു. അത്രി അത് ശിഷ്യന്മാര്‍ക്കും പുത്രന്മാര്‍ക്കും പങ്കു വെച്ച ശേഷം ശിഷ്ട ജീവിതം തപസ്സ് ചെയ്യുന്നതിനായി അനസൂയയോടൊപ്പം വനവാസത്തിനു പോയി.

അത്രി മഹര്‍ഷിയേയും ഗംഗാ ദേവിയേയും ബന്ധിപ്പിച്ച് ഒരു കഥയുണ്ട്. ഒരിക്കല്‍ അത്രി മഹര്‍ഷി കാമദ വനത്തില്‍ തപസ്സിരിക്കുന്ന കാലത്ത് വനത്തില്‍ മഴ പെയ്യാതായി. മുനി ഭാര്യ അനസൂയ മണല്‍ കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി അതിനെ യഥാവിധി പൂജിക്കാന്‍ തുടങ്ങി. അത് കണ്ട് മുനി അവളോട്‌ കുറച്ചു ജലം കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ഒരിടത്തും ജലം കിട്ടാതെ അനസൂയ വലഞ്ഞു. ഒടുവില്‍ ഗംഗാ ദേവി പ്രത്യക്ഷയായി അനസൂയയോട്‌ ഭൂമിയില്‍ ഒരു ദ്വാരമിടാന്‍ ആവശ്യപ്പെട്ടു. അനസൂയ അപ്രകാരം ചെയ്തു.

ആശ്ചര്യം! അവിടെ നിന്ന് ജലം ധാരധാരയായി പ്രവഹിക്കാന്‍ തുടങ്ങി. ഗംഗാ ദേവി പ്രസാദിച്ചു നല്‍കിയ ജലം അനസൂയ അത്രിക്ക് കൊടുത്തു. ജലത്തിന്റെ ഉത്ഭവം ആരാഞ്ഞ മുനിയോട് അനസൂയ കഥയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. അത്രി ഗംഗാ ദേവിയെ അനുസ്മരിച്ചു. ഗംഗാ ദേവി പ്രത്യക്ഷപ്പെട്ടു അത്രിക്ക് ദര്‍ശനമരുളി. ഗംഗാദേവിയോട് മേലില്‍ ഭൂമി വിട്ടു പോകരുതെന്ന് അനസൂയ പ്രാര്‍ത്ഥിച്ചു. ഒരു വര്‍ഷത്തെ ഭത്തൃ പരിചരണ ഫലവും തപ: ശക്തിയും തനിക്കു തന്നാല്‍ താനിനി ഭൂമി വിട്ടു പോകില്ലെന്ന് ഗംഗാദേവി ഉറപ്പു കൊടുത്തു. അനസൂയ അത് സമ്മതിച്ചു. ഗംഗയെ കൈവിട്ടു പോകുമെന്ന് ഭയന്ന ശിവന്‍ ലിംഗരൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. മുനിയുടെ അപേക്ഷയനുസരിച്ച്ചു ലിംഗ രൂപത്തിലുള്ള ശിവന്‍ ശിലയായി മാറി അത്രിക്ക് പൂജ ചെയ്യാന്‍ സൌകര്യമൊരുക്കി.

ത്രിമൂര്‍ത്തികള്‍ അത്രിക്ക് പുത്രന്മാരായി പിറന്ന ഒരു കഥയുണ്ട്:

പണ്ടുപണ്ട് ശീലാവതി എന്ന പേരില്‍ ഒരു പതിവൃതയായ ഒരു കുലീന സ്ത്രീരത്നം ജീവിച്ചിരുന്നു. ഭര്‍ത്താവായ ഉഗ്രശ്രവസ്സ് രോഗിയും വൃദ്ധനും സ്ത്രീലംപടനുമായിരുന്നു. കട്ടക്ക് കാലും നീട്ടിയിരുന്ന ഉഗ്രശ്രവസ്സിന് ആഗ്രഹങ്ങള്‍ ഇനിയും ബാക്കി.

"തനിക്കു ഒരു വേശ്യാ സ്ത്രീയെ കാണണം. കണ്ടാല്‍ മാത്രം മതി".

ഭര്‍ത്താവിന്റെ ആഗ്രഹമല്ലേ. ഒരു പക്ഷെ അവസാന ആഗ്രഹമായാലോ. ആഗ്രഹങ്ങള്‍ ബാക്കി വച്ചു മരണപ്പെട്ടാല്‍ മോക്ഷം ലഭിച്ച്ചില്ലെങ്കിലോ. ഇങ്ങനെയൊരിടത്ത് ഭര്‍ത്താവിനെ എത്തിക്കാന്‍ പറഞ്ഞാല്‍ ആളുകള്‍ പരിഹസിക്കില്ലേ? ഏതു ഭാര്യയാണ് ഇത് അനുസ്സരിക്കുക. സന്തോഷത്തോടെ ശീലാവതി തന്നെ ആ ജോലി ഏറ്റെടുത്തു. എല്ലും തോലുമായി മാറിയ ഉഗ്രശ്രവസ്സിനെയും തോളിലേറ്റി ശീലാവതി വേശ്യാഗൃഹത്തിലേക്ക് യാത്രയായി. വഴിയോര കാഴ്ചകള്‍ കണ്ട് ബാല്യകാല സ്മരണകള്‍ അയവിറക്കിയപ്പോള്‍ ഉഗ്രശ്രവസ്സിനു ബാല്യം വീണ്ടും കൈവന്ന പോലെ തോന്നി. വഴിക്ക് വെച്ച് മൌനവ്രതക്കാരനായ അണിമാണ്ടവ്യനെ കണ്ടു. വായ തുറക്കാത്തതിനുള്ള ശിക്ഷയായി രാജകിങ്കരന്മാര്‍ കള്ളന്മാര്‍ക്കൊപ്പം ശൂലമുനയില്‍ കൊരുത്തിട്ടിരിക്കുകയാണ് മുനിയെ. ശൂലമുനയില്‍ തൂങ്ങി 'റ' പോലെ കിടക്കുന്ന അണിമാണ്ടവ്യനെ കണ്ട ഉഗ്രശ്രവസ്സിന് സങ്കടമല്ല ചിരിയാണ് വന്നത്. അയാളുടെ വായ തുറപ്പിക്കാന്‍ ശീലാവതിയുടെ തോളത്തിരുന്നു ഉഗ്രശ്രവസ്സ് എന്തോ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു.

അണിമാണ്ടവ്യന്‍ മൌനം ഭഞജ്ജിച്ച്ചു! "നാളെ സൂര്യോദയത്തിനു മുന്‍പ് നിന്റെ തല പൊട്ടിത്തെറിക്കട്ടെ".

ഇത് കേട്ട ശീലാവതി ഞെട്ടി. ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി ശീലാവതി പറഞ്ഞു:

"സൂര്യന്‍ ഇനി ഉദിക്കാതെ പോകട്ടെ".

ശീലാവതി പതിവ്രതയാണ്. പാതിവ്രത്യത്തിന് തപസ്സിനെക്കാള്‍ ശക്തിയുണ്ടത്രേ. ഏതായാലും പിറ്റേന്ന് പ്രഭാതം കണി കാണാനുള്ള ഭാഗ്യം ആര്‍ക്കും ഉണ്ടായില്ല. സൂര്യന്‍ ഉദിച്ചില്ല! ഒടുവില്‍ ത്രിമൂര്‍ത്തികള്‍ ശീലാവതിയുടെ കൂട്ടുകാരിയായ അത്രിപത്നിയെക്കണ്ട് ഉഗ്രശ്രവസ്സിന് അണിമാണ്ടവ്യന്‍ കൊടുത്ത ശാപം പിന്‍വലിക്കാം പകരം സൂര്യന്‍ ഉദിക്കില്ലെന്ന ശാപം ശീലാവതിയെക്കൊണ്ട് അനസൂയ പിന്‍വലിപ്പിക്കണമെന്ന് അഭ്യര്‍ത്ധിച്ച്ചു. ശീലാവതി അപ്രകാരം ചെയ്തു. പ്രത്യുപകാരമായി ഞങ്ങള്‍ എന്താണ്ചെയ്യേണ്ടത് എന്ന് ത്രിമൂര്‍ത്തികള്‍ ആരാഞ്ഞു.


'ത്രിമൂര്‍ത്തികള്‍ തനിക്ക് മക്കളായി പിറക്കണം' എന്ന് അത്രിപത്നി അനസൂയ ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ത്രിമൂര്‍ത്തികള്‍ സമ്മതിച്ച് അനസൂയയെ അനുഗ്രഹിച്ചു. അതിന്‍പ്രകാരം മഹാവിഷ്ണു ദത്ത ത്രേയനായും, ശിവന്‍ ദുര്‍വാസാവായും, ബ്രഹ്മാവ്‌ ചന്ദ്രനായും അനസൂയയുടെ ഗര്‍ഭത്തില്‍ പിറന്നു. അങ്ങനെ ത്രിമൂര്‍ത്തികളുടെ പിതൃസ്ഥാനം അത്രിമുനിക്ക് കൈ വരികയും ചെയ്തു.
**********


2010, ജൂലൈ 3, ശനിയാഴ്‌ച

മുനിക്കഥ- അഷ്ടകന്‍

അഷ്ടകന്‍

വിശ്വാമിത്രന് യയാതിയുടെ മകള്‍ മാധവിയില്‍ ജനിച്ച പുത്രനാണ് അഷ്ടകന്‍. വിശ്വാമിത്രനെപ്പോലെ ഒരു രാജര്‍ഷിയായിരുന്നു അഷ്ടകനും. അഷ്ടകന്റെ കഥ പറയാം:

എല്ലാ മുനിമാരെയും പോലെ അഷ്ടകന്റെ ജനനത്തിനു പിന്നിലും രസാവഹമായ ഒരു കഥയുണ്ട്. അഷ്ടകനെപ്പോലെ വിശ്വാമിത്രനു മറ്റൊരു പുത്രനുണ്ടായിരുന്നു ഗാലവന്‍. ദ്രോണര്‍ക്കു ആശ്വത്ധാമാവെന്നപോലെ ഗാലവന്റെ ഗുരുഭൂതനാകാനുള്ള ഭാഗ്യം ലഭിച്ചതും അച്ചന്‍ വിശ്വാമിത്രനു തന്നെ. വിദ്യാഭ്യാസംപൂര്‍ത്തിയാക്കിയ ഗാലവനോട് ഗുരു പറഞ്ഞു:

"നിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായ സ്ഥിതിക്ക് നിനക്ക് പിരിഞ്ഞു പോകാന്‍ സമയമായി."

"എന്ത് ഗുരുദക്ഷിണയാണ് തരേണ്ടത്‌ "? ഗാലവന്‍ ചോദിച്ചു.

"നിനക്കിഷ്ടമുള്ളത്‌ എന്തും" മുനി പറഞ്ഞു.

"അത് പറ്റില്ല. എന്താണ് ദക്ഷിണയായി തരേണ്ടത്‌ എന്ന് അങ്ങ് പറയണം?" ശിഷ്യന്‍ ചോദിച്ചു.

ദേഷ്യം വന്ന വിശ്വാമിത്രന്‍ ചോദിച്ചു:

"ഒറ്റച്ച്ചെവി കറുത്ത എണ്നൂറു കുതിരകളെ തന്നാല്‍ മതി".

ഗാലവന്‍ ഞെട്ടി! എവിടന്നു കൊടുക്കും ഒറ്റച്ച്ചെവി കറുത്ത ഇത്രയും കുതിരകളെ. ഗുരുദക്ഷിണ ഇരന്നു വാങ്ങിയതല്ലേ; ഇനി കൊടുക്കാതിരിക്കാന്‍ പറ്റുമോ? ഗാലവന്‍ ഗരുഡനെ പ്രാര്‍ത്ധിച്ച്ചു. ഗരുഡന്‍ ഗാലവനുമായി യയാതിയെ ചെന്ന് കണ്ടു സഹായമഭ്യര്ത്ധിച്ച്ച്ചു.

"ഒറ്റച്ച്ചെവി കറുത്ത കുതിരകള്‍ എന്റെ കൈവശമില്ല. പകരം എന്റെ മകള്‍ മാധവിയെ തരാം. അവളെ പുത്രദു:ഖമനുഭവിക്കുന്ന ഏതെങ്കിലും രാജാവിന് കൊടുത്താല്‍ നിങ്ങള്‍ക്ക് വേണ്ട അശ്വങ്ങളെ കിട്ടും." യയാതി പറഞ്ഞു.

ഗാലവന്‍ മാധവിയെ കൂട്ടിക്കൊണ്ടു സന്താന ലബ്ധിക്കു വേണ്ടി തപസ്സ് ചെയ്യുന്ന ഹര്യശന്റെ സമീപമെത്തി പറഞ്ഞു:

"അങ്ങ് ഇവളെ സ്വീകരിക്കണം. ഇവളില്‍ അങ്ങേക്ക് ഒരു പുത്രന്‍ ജനിക്കും. പ്രതിഫലമായി അങ്ങ് എനിക്ക് ഒറ്റച്ച്ചെവികറുത്ത എന്നൂര് കുതിരകളെ നല്‍കണം".

"എന്റെ കൈവശം അത്തരത്തിലുള്ള ഇരുനൂറു കുതിരകളെ ഉള്ളൂ. അത് വേണമെങ്കില്‍ തരാം" ഹര്യശന്‍ പറഞ്ഞു. ഇതികര്‍ത്തവ്യ മൂടനായി നിന്ന ഗാലവനെ സമാധാനിപ്പിച്ചു മാധവി പറഞ്ഞു:

"സാരമില്ല. ഞാന്‍ ആദ്യം ഹര്യശനെ വിവാഹം കഴിക്കാം. അതില്‍ ഒരു കുട്ടി ഉണ്ടായിക്കഴിയുമ്പോള്‍ അയാളില്‍നിന്നും ഇരുനൂറു കുതിരകളെ സമ്പാദിക്കാം. അയാള്‍ക്ക്‌ ഒരു കുഞ്ഞിനെ സമ്മാനിച്ച ശേഷം മറ്റൊരു രാജാവിനെ വിവാഹം കഴിക്കാം. അങ്ങനെ നാല് രാജാക്കന്മാരെ കല്യാണം കഴിച്ച് എന്നൂര് കുതിരകളെ സമ്പാദിക്കാം. ഒരിക്കലും കന്യാകാത്വം നഷ്ടപ്പെടുകയില്ല എന്നൊരു വരം ഒരു മുനിയില്‍ നിന്ന് സംപാദിച്ചിട്ടുള്ളതിനാല്‍ ഓരോ പ്രസവത്തിനു ശേഷവും ഞാന്‍ കന്യകയായി തന്നെ അവശേഷിക്കും".

ഗാലവന് മാധവിയുടെ പ്രസ്താവന സ്വീകാര്യമായി തോന്നി. അദ്ദേഹം മാധവിയെ ആദ്യം ഹര്യശനും പിന്നീട് ദിവോദാസന്‍,ഉശീനരന്‍ എന്നീ രാജാക്കന്മാര്‍ക്കും കൊടുത്തു. അവര്‍ക്ക് യഥാക്രമം പ്രതര്‍ദ്ദനന്‍, വസുമനാസ്, ഷിബി എന്നീ പുത്രന്മാര്‍ ജനിച്ചു. മൂന്ന് രാജാക്കന്മാരില്‍ നിന്നും ലഭിച്ച അറുനൂറു കുതിരകളും ബാക്കി ഇരുനൂറു കുതിരകള്‍ക്ക് പകരം മാധവിയെയും ഗാലവന്‍ ഗുരുദക്ഷിണയായി വിശ്വാമിത്രന് കൊടുത്തു. അങ്ങനെ പുരാണചരിത്രത്തിലാദ്യമായി അച്ചന് ഗുരുദക്ഷിണയായി പെണ്ണ് കൊടുത്ത മകന്‍ എന്ന ഖ്യാതി നേടിയെടുക്കാനും ഗാലവന് കഴിഞ്ഞു.

വിശ്വാമിത്രന് മാധവിയുലുണ്ടായ പുത്രനാണ് അഷ്ടകന്‍. അസ്ത്രശസ്ത്രാദികളില്‍ നൈപുണ്യം നേടിയ അഷ്ടകന്‍ അജമീടനില്‍ നിന്നും രാജ്യഭരണം ഏറ്റു വാങ്ങി. പൂരുവംശജനായ അഷ്ടകന്‍ ഒരിക്കല്‍ അശ്വമേധയാഗം നടത്തി. ആ യാഗത്തില്‍ സഹോദരങ്ങളായ പ്രതര്‍ദ്ദനനും, വസുമനസും, ശിബിയും പങ്കു കൊണ്ടു. യാഗത്തിന് ശേഷം സഹോദരന്മാരുമായി അഷ്ടകന്‍ തേരില്‍ ഒരു വിനോദ യാത്ര നടത്തി. വഴിക്ക് വച്ച് നാരദ മുനിയെ കണ്ട അവര്‍ അദ്ദേഹത്തെ തേരില്‍ കയറ്റി.

"തേരിലിരിക്കുന്നവരില്‍ നാലാള്‍ക്കെ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് ഇറങ്ങണം"? യാത്രാ മദ്ധ്യേ അവര്‍ ചോദിച്ചു.

"അഷ്ടകന്‍ ഇറങ്ങണം" മുനി പറഞ്ഞു. കാരണം മുനി വിശദീകരിച്ചു. ഒരിക്കല്‍ താന്‍ അഷ്ടകന്റെ ഗൃഹത്തില്‍ ചെന്നപ്പോള്‍ അനേകം പശുക്കളെ അവിടെ കണ്ടെന്നും അതാരുടെതാണ് എന്ന ചോദ്യത്തിന് താന്‍ അവയെ ബ്രാഹ്മണര്‍ക്ക് ദാനം ചെയതവയാനെന്നു പറഞ്ഞ് ആത്മപ്രശംസ നടത്തിയെന്നും അതിനാല്‍ അഷ്ടകന് സ്വര്‍ഗപ്രാപ്തി അപ്രാപ്യമായി.

'മൂന്നാള്‍ക്ക് സ്വര്‍ഗപ്രാപ്തിയുണ്ടാകുമെങ്കില്‍ ആര് ഇറങ്ങണം' എന്ന ചോദ്യത്തിന് പ്രതര്‍ദ്ദനാണെന്ന് മറുപടിയുണ്ടായി. ഒരിക്കല്‍ താന്‍ പ്രതര്‍ദ്ദനുമൊത്ത് തേരില്‍ പോകുമ്പോള്‍ നാല് ബ്രാഹ്മണര്‍ ഓരോരുത്തരായി വന്ന്‌ അശ്വങ്ങളെ യാചിച്ചു വാങ്ങിയെന്നും ഒടുവില്‍ പ്രതര്‍ദ്ദനന്‍ തന്നെ തേര്‍ വലിച്ച്ചുവെന്നും തേര്‍ വലിക്കുന്നതിനിടയില്‍ ബ്രാഹ്മണരുടെ പ്രവൃത്തി ഉചിതമായില്ല' എന്ന് പിറ്പിറു 'ത്തത് പ്രതര്‍ദ്ദനന് സ്വര്‍ഗപ്രാപ്തി അപ്രാപ്യമാക്കിത്തീര്‍ത്തു എന്നും പറഞ്ഞു.

'രണ്ടാള്‍ക്കെ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് ഇറങ്ങണം' എന്ന് ചോദിച്ചപ്പോള്‍ 'വസുമനസ് ഇറങ്ങണം' എന്ന് മറുപടിയുണ്ടായി. അതിനു കാരണം താന്‍ വസുമനസിനെ കാണാന്‍ മൂന്നു പ്രാവശ്യം ചെന്നപ്പോഴും രാജാവ് തന്റെ പുഷ്പരഥത്തെ സ്വയം പുകഴ്ത്തി എന്നും അതില്‍ മറ്റുള്ളവരും പങ്കു ചേര്‍ ന്നുവെന്നും ഈ ദുരഭിമാനം വസുമനസിനെ സ്വര്‍ഗപ്രാപ്തിക്ക്
അപ്രാപ്യമാക്കിത്തീര്‍ത്തു എന്നും മുനി പറഞ്ഞു.

'ഒരാള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് പോകണം' എന്ന ചോദ്യത്തിന് 'ശിബിയാണ് അതിന് അര്‍ഹന്‍' എന്ന് മറുപടി നല്‍കി. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. ഒരിക്കല്‍ ശിബിയുടെ കൊട്ടാരത്തില്‍ ഭിക്ഷാടനത്തിന് എത്തിയ ബ്രാഹ്മണനോട് താന്‍ എന്ത് ഭക്ഷണമാണ് നല്‍കേണ്ടത് എന്ന് ശിബി ചോദിച്ചു.

"അങ്ങയുടെ മകന്‍ ബ്രുഹദ്ഗര്‍ഭനെ വെട്ടി നുറുക്കി പാചകം ചെയ്തു തരണം" എന്ന് ബ്രാഹ്മണന്‍ അഭ്യര്‍ ത്ധിച്ച്ചു.

ശിബി യാതൊരു അനിഷ്ടവും കാണിക്കാതെ അപ്രകാരം ചെയ്തു. ഇതിനിടെ കൊട്ടാരം ചുട്ടെരിക്കുന്ന ബ്രാഹ്മണനെയാണ് ശിബി കണ്ടത്. യാതൊരു മാനസിക വിക്ഷോഭവും കാട്ടാതെ ശിബി ബ്രാഹ്മണനെ ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ബ്രാഹ്മണന്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ശിബിയെയും ക്ഷണിച്ചു. തന്റെ പ്രിയ പുത്രന്റെ മാംസമാണ് തനിക്കു വിളമ്പിയിരിക്കുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെ രാജാവ് ഭക്ഷണം കഴിക്കാനാരംഭിക്കെ സംപ്രീതനായി ബ്രഹ്മാവ്‌
അത് തടഞ്ഞു. ബ്രഹ്മാവ്‌ ബ്രഹാദ്ഗര്ഭനെ പുനര്‍ജ്ജീവിപ്പിച്ച്ച് ശിബിക്ക് മടക്കിക്കൊടുത്തു. അങ്ങനെ ശിബിക്ക് സ്വര്‍ഗപ്രാപ്തിക്കുള്ള വരം ബ്രഹ്മാവില്‍ നിന്ന് ലഭിച്ചു.

'പ്രതിഫലേച്ച്ച്ച കൂടാതെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കും, അചഞ്ചലമായ മനസ്സിനുടമകള്‍ക്കും സ്വര്‍ഗ്ഗപ്രാപ്തി എളുപ്പമാകും' അഷ്ടകന്റെ കഥ നല്‍കുന്ന ഗുണപാഠം ഇതാണ്.
******